കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Saturday, 24 December 2011

കളമശേരി റെയില്‍വേ സ്റ്റേഷന്‍ ഫുള്‍റാക്ക് യാര്‍ഡാക്കും -


കളമശേരി റെയില്‍വേ സ്റ്റേഷന്‍ ഫുള്‍റാക്ക് യാര്‍ഡാക്കും - മന്ത്രി കെ.വി. തോമസ്


കളമശേരി: കളമശേരി റെയില്‍വേ സ്റ്റേഷന്‍ ഫുള്‍റാക്ക് യാര്‍ഡായി വികസിപ്പിക്കാനുള്ള നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി കെ.വി. തോമസ്. വികസനത്തിനാവശ്യമായ ഭൂമി എന്‍.എ.ഡിയില്‍നിന്ന് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങും. വികസനത്തിനാവശ്യമായ സ്ഥലം എത്രയെന്ന് ഒരു മാസത്തിനകം സര്‍വേ നടത്തി ഇരു വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്ഥലം എന്‍.എ.ഡി പാട്ടത്തിന് നല്‍കാമെന്ന് സമ്മതിച്ചതായി മന്ത്രി അറിയിച്ചു. നിലവില്‍ കളമശേരി ഗുഡ്സ് റെയില്‍വേ സ്റ്റേഷനില്‍ 15 വാഗണ്‍ അടുപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. ഫുള്‍റാക്ക് യാര്‍ഡ് വികസിപ്പിക്കാനുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ടെന്നും മന്ത്രി തോമസ് പറഞ്ഞു. കേരളത്തിലെ സ്റ്റീല്‍ ഇറക്കുന്ന ഏക സ്റ്റേഷനാണ് കളമശേരി. എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ സാമ്പത്തിക വികസനത്തിനുള്ള സ്രോതസ്സാണെന്ന് റെയില്‍വേ ഡെപ്യൂട്ടി മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
ഇടപ്പള്ളി, കളമശേരി, തൃപ്പൂണിത്തുറ സ്റ്റേഷനുകളുടെ വികസനത്തിന് ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോം നീളം വര്‍ധിപ്പിക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ഉള്‍പ്പെടെ വികസന കാര്യങ്ങളുടെ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ സ്ഥലം എം.എല്‍.എ ബെന്നി ബഹനാനെ ചുമതലപ്പെടുത്തി. നെട്ടൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കാനും പ്ളാറ്റ്ഫോം നവീകരിക്കാനും നടപടി സ്വീകരിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി.  തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വികസന കാര്യങ്ങള്‍ ആലോചിച്ച് തീരുമാനങ്ങളെടുക്കാന്‍ മന്ത്രി കെ.ബാബുവിനെ ചുമതലപ്പെടുത്തിയതായി മന്ത്രി തോമസ് അറിയിച്ചു.
പുരാതന സ്റ്റേഷനായ വില്ലിങ്ടണ്‍ ഐലന്‍ഡ് സ്റ്റേഷന്‍െറ പൈതൃകം നിലനിര്‍ത്തിയുള്ള വികസനത്തിനും എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍െറ വികസനവും സംബന്ധിച്ച് പദ്ധതി തയാറാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി.  രാവിലെ മുതല്‍ വിവിധ സ്റ്റേഷനുകളില്‍ മന്ത്രി തോമസിനൊപ്പം റെയില്‍വേ ഉന്നതോദ്യോഗസ്ഥരും നഗരസഭാ ചെയര്‍മാന്മാരും റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. കളമശേരി നഗരസഭാ  ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, പൊതുമരാമത്ത് മന്ത്രിയുടെ സ്പെഷല്‍ പി.എ അഷ്റഫ് മൂപ്പന്‍, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ബെന്നി ബഹനാന്‍ എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍മാരായ എ.കെ. ബഷീര്‍, ടി.എസ്. അബൂബക്കര്‍, ടി.എ. അസൈനാര്‍, കെ.എ. റിയാസ് എന്നിവര്‍ മന്ത്രിക്കൊപ്പം കളമശേരി നഗരസഭാ ഹാളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനിടെ, എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ലക്ഷ്മണ്‍ സിങ്ങുമായി മന്ത്രി കെ.വി. തോമസ് ചര്‍ച്ച നടത്തി.

No comments:

Post a Comment